തിരുവനന്തപുരം: സൈഡ് കൊടുക്കാത്തതിനെ തുടർന്ന് നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ഉണ്ടായ വാക്കേറ്റത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍ യദു. ‘റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്ന് മേയര്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന ഭർത്താവ് കൂടിയായ സച്ചിന്‍ദേവ് എംഎല്‍എ ചോദിച്ചു. വീട്ടിലുള്ളവരെ കയറി വിളിച്ചപ്പോള്‍ നിങ്ങളുടെ അച്ഛന്റെ റോഡ് അല്ലല്ലോ എന്ന് തിരിച്ച് മറുപടി പറഞ്ഞു.
ജോലി കളയിക്കുമെന്ന് മേയറും സംഘവും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യദു പറഞ്ഞു. മേയറുടെ കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചത് ഇടതുവശത്തുകൂടിയാണെന്നും ഡ്രൈവര്‍ ആരോപിച്ചു.
ആദ്യം കയര്‍ത്തു സംസാരിച്ചു, കൈയിലൊക്കെ പിടിച്ചുവലിച്ചു. അതൊന്നും വീഡിയിയോയില്‍ ഇല്ല. ഡോര്‍ അവരാണ് തുറന്നിട്ടത്. വെളിയിലേക്ക് ഇറങ്ങാന്‍ അവര്‍ നിര്‍ബന്ധിച്ചു. പൊലീസ് വരുന്നത് വരെ ഞാന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയില്ല. പൊലീസ് എത്തിയിട്ട് എന്നെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ആദ്യം ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ എടുത്തു. പിന്നീട് സ്റ്റേഷനില്‍ കൊണ്ടുവന്നു. പലയിടത്തും ഒപ്പിടിവിച്ചു. നിനക്ക് എതിരെ കേസെടുക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവരോട് അപമര്യാദയായി സംസാരിച്ചിട്ടില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. ഒന്നെങ്കില്‍ നീ മുഖ്യമന്ത്രിയായിരിക്കണം. അല്ലെങ്കില്‍ നീ പ്രധാനമന്ത്രിയായിരിക്കണം. നീ അവരേക്കാള്‍ ഒരുപടി മുന്നിലായിരിക്കണം. ഈഗോ ക്ലാഷ് ആണെന്നാണ് അവര്‍ പറഞ്ഞതെന്നും യദു വ്യക്തമാക്കി.
ഈഗോ ക്ലാഷ് ആയിരിക്കും. മേയര്‍ ആയിട്ട് ഞാന്‍ ബഹുമാനം കൊടുത്തില്ല എന്നതായിരിക്കും പ്രശ്‌നം. മേയര്‍ ആണെന്നത് എനിക്കറിയില്ലായിരുന്നു. എന്റെ അച്ഛനെ വിളിച്ചപ്പോള്‍ നിങ്ങളുടെ അച്ഛന്റെ റോഡ് അല്ലല്ലോ എന്ന് തിരിച്ച് ചോദിച്ചു. അത്രമാത്രം. മേയറുടെ പേരിൽ അപ്പോള്‍ തന്നെ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും യദു പറഞ്ഞു.

