കൊച്ചി: കെനിയൻ സ്വദേശിയിൽ നിന്ന് കെക്കെയ്ൻ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ ഗുളികരൂപത്തിൽ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കൻ സ്വദേശികൾ ഇത്തരത്തിൽ വൻതോതിൽ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കൊച്ചിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
കെനിയൻ സ്വദേശി കരഞ്ച മൈക്കിൾ നംഗയാണ് കൊച്ചിയിൽ പിടിയിലായത്. കഴിഞ്ഞ 19-ന് എത്യോപ്യയിൽ നിന്ന് മസ്കറ്റ് വഴിയാണ് ഇയാൾ കൊച്ചിയിൽ വന്നിറങ്ങിയത്. 6.68 കോടി രൂപ വിലവരുന്ന 668 ഗ്രാം കൊക്കെയിനാണ് ഇയാളിൽ നിന്ന് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് എക്സ്‌റേ പരിശോധന നടത്തുകയായിരുന്നു. ഒരാഴ്ച കൊണ്ടാണ് ഗുളികരൂപത്തിലാക്കിയ കൊക്കെയ്ൻ പുറത്തെടുത്തത്. 50 കൊക്കെയ്ൻ ഗുളികകളാണ് ഇയാളുടെ വയറ്റിലുണ്ടായത്.
കൊച്ചി വിമാനത്താവളത്തിൽ ആദ്യമായാണ് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കൊക്കെയിൻ പിടികൂടുന്നതെന്ന് അധികൃതർ അറിയിച്ചു. ട്രോളി ബാഗിനടിയിൽ അറയുണ്ടാക്കി മയക്കുമരുന്നു കടത്തുന്നതായിരുന്നു സ്ഥിരം രീതി, ഇത് പിടിക്കപ്പെടാൻ തുടങ്ങിയതോടെയാണ് കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാൻ തുടങ്ങിയത്. മുംബൈ, ബെംഗളൂരു, ഡൽഹി വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെയാണ് കൊച്ചി ലക്ഷ്യമാക്കിയത്. കൊച്ചിയിൽ വന്നിറങ്ങുന്ന ആഫ്രിക്കൻ സ്വദേശികളെ പ്രത്യേകം നിരീക്ഷിക്കാൻ കസ്റ്റംസിന് നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post