ഗൂഡല്ലൂർ: 126ാമത് പുഷ്പമേളക്ക് ഒരുങ്ങി ഊട്ടി. 10 ദിവസം നടക്കുന്ന മേള മെയ് 10ന് ആരംഭിക്കും. പുഷ്പ പ്രദർശനത്തിനായി പതിനായിരക്കണക്കിന് പൂക്കളാൽ ഊട്ടി സസ്യോദ്യാനം തയാറായിക്കഴിഞ്ഞു. 45,000 ചട്ടികളിലായാണ് വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഡാലിയ, മേരിഗോൾഡ്, ഫാൻസി, പിറ്റോണിയ, സാൽവിയ, ചെണ്ടുമല്ലി ഉൾപ്പെടെ 300ലേറെ പൂച്ചെടികൾ പുഷ്പിച്ചിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ ഗാലറികളിലും ഗാർഡൻ മൈതാനിയിലും ഗ്ലാസ് ഹൗസിലുമെല്ലാം പൂക്കൾ കൊണ്ട് അലങ്കാരം തീർത്തിട്ടുണ്ട്. എല്ലാ കൊല്ലവും പുഷ്പമേള ആസ്വദിക്കാൻ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ ഊട്ടിയിൽ എത്താറുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ റോസ് ഷോ, ഫ്രൂട്ട് ഷോ, സ്പൈസസ് ഷോ എന്നിവ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മേയ് 17ന് ആരംഭിക്കേണ്ട പുഷ്പമേള നേരത്തെ നടത്താനും കൂടുതൽ ദിവസം പ്രദർശനം നീട്ടാനും കാർഷിക വകുപ്പ് തീരുമാനിച്ചത്. ഇതിനുള്ള അനുമതി തിരഞ്ഞെടുപ്പ് കമീഷൻ നൽകിയതായി ജില്ല കലക്ടർ അറിയിച്ചു.
Discussion about this post