മലപ്പുറം: അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍. മലപ്പുറം തിരൂരങ്ങാടിയിൽ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. ആലുവ, ഇടപ്പള്ളി തുടങ്ങിയ ഇടങ്ങളിലും നാട്ടുകാര്‍ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അമിത ഉപഭോഗം കാരണമാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
മലപ്പുറം തിരൂരങ്ങാടി എ.ആർ.നഗർ , വി.കെ പടി നിവാസികളാണ് തലപ്പാറ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ചൂട്ടു കത്തിച്ച് സമരം ചെയ്തത്. കൊടിഞ്ഞിയിലെ ഒരു സംഘം യുവാക്കൾ കഴിഞ്ഞദിവസം അർധരാത്രി ഓഫിസിലെത്തി കിടന്നുറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ചൂട് അസഹ്യമായതിനാൽ ഉറങ്ങാൻ കഴിയാത്തതിനാലും കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ചാൽ കൃത്യമായി മറുപടി ലഭിക്കാത്തതിനാലുമാണ് പ്രതിഷേധമെന്ന് യുവാക്കൾ അറിയിച്ചു.
ആലുവ എടയാറിൽ കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേരാണ് കനത്ത ചൂടില്‍ വൈദ്യുതി മുടങ്ങിയതോടെ പ്രതിഷേധവുമായെത്തിയത്. കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ചാലും ആരും ഫോണ്‍ എടുക്കാറില്ലെന്നും റിസീവര്‍ മാറ്റിവെക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. പാലാരിവട്ടം കെഎസ്ഇബി ഓഫീസിലേക്കും നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. ഇടപ്പള്ളി മഠം ജങ്ഷന്, മൈത്രി നഗര്‍, കലൂര്‍, കറുകപ്പിള്ളി, പോണേക്കര തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കളാണ് പാലാരിവട്ടം സെഷന് ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്. വൈദ്യുതിബന്ധം പുനസ്ഥാപിക്കാതെ വീടുകളിലേക്ക് തിരിച്ചുപോകില്ലെന്നായിരുന്നു ജനങ്ങളുടെ നിലപാട്.
Discussion about this post