കണ്ണൂര്‍: ജാവഡേക്കര്‍ വിവാദത്തില്‍ ഇ.പി ജയരാജന് ക്ലീന്‍ ചിറ്റ് നല്‍കിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തില്‍ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജാവഡേക്കർ കൂടിക്കാഴ്ച വിവാദത്തിൽ ഇ പി ജയരാജനെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം കത്തുമെന്ന് കെ സുധാകരൻ പറഞ്ഞു. അതിനാൽ ഇ.പിക്കെതിരേ ഒരു നടപടിയുമുണ്ടാവില്ലെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയരാജനെ തൊടാന്‍ എല്ലാവര്‍ക്കും പേടിയാണ്. സി.പി.എമ്മിന്റെ അഴിമതിക്കൊട്ടാരം കാത്ത് സൂക്ഷിക്കുന്ന പ്രധാന വ്യക്തിയാണ് ഇപി, അതിനാൽ തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തുമെന്നും സുധാകരന്‍ പ്രതികരിച്ചു. അതുകൊണ്ട് ജയരാജനെ നോവിക്കാനോ അലോസരപ്പെടുത്താനോ സിപിഐഎം നേതൃത്വം ഒന്നും ചെയ്യില്ലെന്നും കെ സുധാകരൻ പറഞ്ഞു. ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. ചെയ്തതും പോരാ കട്ടതും പോരാ എന്നിട്ട് അത് പറഞ്ഞ ആളുകൾക്കെതിരെ കേസ് കൊടുക്കണം എന്നാണ് പാർട്ടി നൽകിയ ഉപദേശം, അതിന്റെ സന്തോഷമാണ് ഇന്നലെ കണ്ടതെന്നും സുധാകരൻ പരിഹസിച്ചു.
തിരുവനന്തപുരത്തെ ഇ.പിയുടെ മകന്റെ ഫ്‌ലാറ്റില്‍ വെച്ച് ജയരാജനുമായി ജാവഡേക്കറും താനും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. തിരഞ്ഞടുപ്പിന് തലേദിവസം വന്ന ഈ വെളിപ്പെടുത്തലിലൂടെ സി.പി.എം വലിയ രീതിയില്‍ പ്രതിരോധത്തിലായിരുന്നു.ഇതോടെയാണ് ജാഗത്രക്കുറവ് ചൂണ്ടിക്കാട്ടി ജയരാജനെതിരേ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന വിലയിരുത്തലുണ്ടായത്.

