ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്. ആയുര്‍വേദ ഡോക്ടറും വിമുക്തഭടനുമായ പാലാ പിഴക് പഴയകുളത്ത് ശിവന് നായര്‍ (71), ഭാര്യ എരുമേലി പുഷ്പവിലാസം പ്രസന്നകുമാരി(62) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന് സ്വദേശിയായ മഹേഷിനെ(22) പോലീസ് അറസ്റ്റുചെയ്തിരുന്നു. വീട്ടില്‍നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മഹേഷ് പിടിയിലായത്.
മുന്‍വൈരാഗ്യത്തിനൊപ്പം മരുന്നു വാങ്ങിയതിന്റെ പണം ഗൂഗിള്‍ പേ വഴി അയച്ചതിനെക്കുറിച്ചുള്ള തര്‍ക്കവും പ്രകോപനത്തിനു കാരണമായെന്നും പൊലീസ് പറയുന്നു. ശിവന്‍നായരുടെ മകന് ഡോ.ഹരി ഓംശ്രീ വൈകീട്ട് 5.30-ഓടെയാണ് വീട്ടില്‍നിന്ന് പോയത്. ഇതിനു ശേഷമാണ് കൊല നടന്നതെന്നാണ് സംശയിക്കുന്നത്. ഹരി വീട്ടില്‍ നിന്ന് പോകും മുന്‍പ് പ്രതി മഹേഷ് വീട്ടുപരിസരത്തെത്തി തിരിച്ചു പോയതായി സമീപത്തെ സി.സി.ടി.വി. ക്യാമറാദൃശ്യത്തിലുണ്ട്. ഹരി പോയശേഷം വീണ്ടുമെത്തി കൊല നടത്തിയെന്നാണ് സംശയം.
ഞായറാഴ്ച വൈകീട്ട് ഏഴോടെ ഇവിടെയെത്തിയ അയല്‍വാസിയാണ് വീടിന്റെ വരാന്തയില്‍ ശിവന്‍നായരെ കഴുത്തറത്ത നിലയില്‍ കണ്ടത്. പ്രസന്നകുമാരിയെ വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധ ഡോക്ടറായ ശിവൻ വീട്ടിൽ തന്നെയാണ് ക്ലിനിക്ക് നടത്തിയിരുന്നത്. ചികിത്സയ്ക്കെന്ന പേരിൽ എത്തിയാണ് കൊല നടത്തിയത്.
Discussion about this post