ബെംഗളൂരു: ലൈംഗികാരോപണത്തില്‍ ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. തുടര്‍ നടപടികള്‍ ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്നും ജെഡിഎസ് നേതാക്കള്‍ അറിയിച്ചു.
നേരത്തെ ഈ വിഷയത്തിൽ ബിജെപിയുടെ നിലപാട് അമിത് ഷാ വ്യക്തമാക്കിയിരുന്നു. തങ്ങൾ സ്ത്രീകൾക്കൊപ്പമാണെന്നും അന്വേഷണത്തെ അനുകൂലിക്കുന്നുവെന്നും ജെഡിഎസ് ഇതിനെതിരെ നടപടിയെടുക്കുമെന്നും ഷാ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ എത്രയും വേഗം നടപടിയെടുക്കാൻ ബിജെപി സമ്മർദ്ദം ചെലുത്തിയതായാണ് വിവരം.
സംസ്ഥാനത്തിൻ്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ ഞങ്ങൾ ഇതിൽ നടപടിയെടുക്കേണ്ടതില്ല. സംസ്ഥാന സർക്കാരാണ് ഇതിൽ നടപടിയെടുക്കേണ്ടത്. വിഷയത്തിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ എന്തുകൊണ്ടാണ് ഇതുവരെ യാതൊരുവിധ നടപടികളും സ്വീകരിക്കാത്തതെന്നും അമിത് ഷാ ചോദിച്ചിരുന്നു.
പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനില്‍ തിരഞ്ഞെടുപ്പുസമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രജ്വലിനെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു.

