കാസർഗോഡ്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിയ്ക്ക് റിപ്പോർട്ട് കൈമാറി. വ്യാജ പരാതിയിൽ കേസെടുക്കാൻ സിപിഐഎം നേതാക്കൾ വിജയന് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തിരഞ്ഞെടുപ്പ് ദിവസം ഉദുമ മണ്ഡലത്തിൽ ഉണ്ടായ യു ഡി എഫ് – എൽ ഡി എഫ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സി എം ഉനൈസിനെതിരെ സിപിഐഎം വനിതാ നേതാവ് ബേഡകം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഗ്രേഡ് എ എസ് ഐ വിജയനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. ഇതിന് പിന്നാലെ സിപിഐഎം നേതാക്കൾ സി എം ഉനൈസിനെ കസ്റ്റഡിയിൽ എടുക്കാൻ വിജയന് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വ്യാജ പരാതിയായതിനാൽ കേസെടുക്കില്ലെന്ന് ആദ്യ ഘട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥർ കോണ്ഗ്രസ് നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നാലെ സമ്മർദ്ദം ശക്തമായതോടെയാണ് താൻ എന്ത് ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജയൻ സഹ പ്രവർത്തകരോട് ചോദിച്ചെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ ആരോഗ്യ നില മോശമായ എസ് ഐ വിജയൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഐ സി യു വിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്പെഷ്യൽ ബ്രാഞ്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
Discussion about this post