തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് ഗതാഗതതടസ്സം ഉണ്ടാക്കിയ സംഭവത്തില്‍ മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന പോലീസ് നിലപാടില്‍ നിയമപോരാട്ടത്തിനൊരുങ്ങി ഡ്രൈവര്‍ യദു. പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് യദു പറഞ്ഞു. ശനിയാഴ്ച്ച രാത്രി തന്നെ മേയർക്കെതിരെ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും, ഇതുവരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല. ഇതിനെതിരെ ആദ്യ ഘട്ടത്തിൽ ഡിജിപിക്കും കമ്മിഷണർക്കും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും പരാതി നൽകുമെന്ന് യദു പ്രതികരിച്ചു.
ഒരു സാധരണക്കാരനായിരുന്നു ബസ് തടഞ്ഞതെങ്കില്‍ കേസ് എന്താകുമായിരുന്നുവെന്നും യദു ചോദിച്ചു. അധികാര ദുര്‍വിനിയോഗമാണ് അവര്‍ നടത്തിയതെന്നും യദു ആരോപിച്ചു. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. മേയർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കൽ, മാർഗ തടസം സൃഷ്‌ടിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വക്കീൽ മുഖാന്തരം നിയമപരമായി നീങ്ങുന്നതെന്നും യദു വ്യക്തമാക്കി.
Discussion about this post