തിരുവനന്തപുരം: മികച്ച വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകളിൽ ആദ്യ പത്തിൽ ഇടം പിടിച്ച് കേരളത്തിലെ നാല് സ്റ്റേഷനുകൾ. ദക്ഷിണ റെയില്‍വേയില്‍ 2023-2024 വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ നാലാം സ്ഥാനം തിരുവനന്തപുരം സെൻട്രൽ കൈയടക്കി. 262 കോടി രുപയാണ് വരുമാനം. 227.59 കോടി വരുമാനവുമായി എറണാകുളം ജംഗ്ഷൻ ആറാം സ്ഥാനത്തും, 178.95 കോടി വരുമാനവുമായി എട്ടാം സ്ഥാനത്ത് കോഴിക്കോടും, 155.70 കോടി രൂപയുടെ വരുമാനവുമായി തൃശൂർ ഒമ്പതാം സ്ഥാനത്തുമാണ്.
100 സ്റ്റേഷനുകളില്‍ ആദ്യ 25ല്‍ കേരളത്തില്‍ നിന്ന് 11 റെയില്‍വേ സ്റ്റേഷനുകൾ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ പത്തിൽ ഇടം പിടിച്ച തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ജംഗ്ഷന്, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവക്ക് പുറമെ, എറണാകുളം ടൗണ്‍, പാലക്കാട് ജംഗ്ഷന്, കണ്ണൂര്‍, കൊല്ലം ജംഗ്ഷന്, കോട്ടയം, ആലുവ, ചെങ്ങന്നൂര്‍ എന്നീ സ്റ്റേഷനുകളാണ് ആദ്യ 25ല്‍ ഇടം നേടിയത്. ഈ പതിനൊന്ന് സ്റ്റേഷനുകളിൽനിന്നായി 1500 കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്.
അതേസമയം സതേൺ റെയിവേയിൽ വരുമാനത്തിൽ മുന്നിൽ നിൽക്കുന്നത് ചെന്നൈ സെൻട്രൽ സ്റ്റേഷൻ തന്നെയാണ്. 1215 കോടി രൂപയാണ് ഇവിടെ നിന്നുള്ള വരുമാനം. 564 കോടി രൂപയുമായി ചെന്നൈ എഗ്മോർ രണ്ടാം സ്ഥാനത്തും 324 കോടിയുമായി കോയമ്പത്തൂർ ജങ്ഷൻ മൂന്നാമതുമാണ്.
.
Discussion about this post