തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി ബിജെപി. തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലാണ് ബിജെപി പ്രതിഷേധം. ബിജെപി കൗൺസിലർ അനിലാണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്. പിന്നാലെ ഭരണകക്ഷി കൗൺസിലർമാരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. ഡ്രൈവറോട് തട്ടിക്കയറിയത് പദവി ദുരുപയോഗം ചെയ്തതാണെന്നും ഇത് നഗരത്തിലെ ജനങ്ങൾക്ക് മാനക്കേടുണ്ടാക്കിയെന്നും ബിജെപി കൗൺസിലർമാർ പ്രതികരിച്ചു.മേയർ സമൂഹത്തോട് മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു.
എൽഡിഎഫ് കൗൺസിലർമാർ പ്രമേയം എതിർത്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സ്ത്രീ എന്ന നിലയിൽ തനിക്ക് ഒരു പ്രശ്‌നമുണ്ടായിട്ട് വിളിച്ച് അന്വേഷിക്കാൻ എന്താണ് കൗൺസിലർമാർ തയ്യാറാകാതിരുന്നതും മേയർ ചോദിച്ചു. മേയർ ഫോൺ വിളിച്ചാൽ എടുക്കില്ലെന്നായിരുന്നു ബിജെപിയുടെ മറുപടി. കൗൺസിൽ യോഗം ബിജെപി ബഹിഷ്‌കരിച്ചു. ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിന്റെ നടുത്തളത്തിൽ ഇറങ്ങി മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് പിന്നാലെയാണ് വോക്കൗട്ട് നടത്തിയത്.
സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും എതിരെയുള്ള പ്രതിഷേധം കടുക്കുകയാണ്. കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ ഓവർ ടേക്കിംഗ് നിരോധിത മേഖല എന്നുള്ള ബോർഡും കെഎസ്ആർടിസി ബസുകളിൽ മേയറുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്ററുകളും പതിപ്പിച്ചായിരുന്നു യൂത്ത്‌കോൺഗ്രസിന്റെ പ്രതിഷേധം.
Discussion about this post