ന്യൂഡൽഹി: അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത് സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച കേസിൽ ആംആദ്മി- കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഗുജറാത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനിയുടെ പേഴ്‌സണൽ അസിസ്റ്റൻ്റ് സതീഷ് വൻസോല, ആംആദ്മി പ്രവർത്തകൻ ആർവി വാരി എന്നിവരാണ് അറസ്റ്റിലായത്.
മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രസംഗിച്ച വീഡിയോയാണ് എഡിറ്റ് ചെയ്ത് സംവരണത്തിനെതിരെ എന്ന രീതിയിൽ പ്രചരിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി സമാജ് വാദി, കോൺഗ്രസ് പാർട്ടി നേതാക്കൾക്ക് പൊലീസ് നോട്ടീസ് അയച്ചു. കേസിൽ ഡൽഹി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതേ സമയം വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പ്രതിപക്ഷ പാർട്ടികൾക്ക് മറുപടിയുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു. കോൺഗ്രസാണ് തനിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതെന്നും ഇത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണവും വീഡിയോയുമാണെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ വർഷം തെലങ്കാനയിൽ നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതിപക്ഷം വ്യാജ വീഡിയോ നിർമിച്ചത്. അമിത് ഷായുടെ ഈ വ്യാജ വീഡിയോ തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ ഡല്‍ഹി പോലീസ് നടപടിയെടുത്തത്.
Discussion about this post