തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ബസിനുള്ളിൽ പൊലീസ് പരിശോധന. ബസിലെ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസ് എത്തിയത്. എന്നാൽ,നിർണായക തെളിവായ ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ് പറയുന്നു.
മെമ്മറി കാര്‍ഡ് ഉണ്ടാകേണ്ടതാണ്. കേടല്ല, അതു കാണാനില്ല എന്നും കന്റോണ്‍മെന്റ് സിഐ പറഞ്ഞു.മെമ്മറി കാര്‍ഡ് ആരെങ്കിലും മാറ്റിയിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്ന് സിഐ വ്യക്തമാക്കി.തമ്പാനൂർ ഡിപ്പോയിൽ എത്തിയാണ് പരിശോധന നടത്തിയത്.
ആരുടെ ഭാഗത്താണ് തെറ്റ് എന്ന് കണ്ടെത്തുന്നതിന് നിർണായകമായിരുന്ന സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡാണ് കാണാതായിരിക്കുന്നത്. നിർണായകമായ മെമ്മറി കാർഡ് നഷ്ട്ടമാകുക എന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മേയറേയും മന്ത്രിയെയും സംരക്ഷിക്കാൻ സിപിഐഎം സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണതിന് ശക്തി പകരുന്നതാവും ഈ സംഭവം.

