ന്യൂഡൽഹി: നൂറിലേറെ സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണിസന്ദേശം വ്യാജമെന്ന് പോലീസ്. ഭീഷണിസന്ദേശം വന്ന ഇ- മെയിലുകളുടെ ഉറവിടം ഡൽഹി പോലീസ് കണ്ടെത്തിയതായി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അറിയിച്ചു. വി.പി.എൻ. ഉപയോഗിച്ചാണ് മെയിലുകൾ അയച്ചതെന്നാണ് കണ്ടെത്തൽ. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടി ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീഷണിസന്ദേശം ലഭിച്ച സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തനായില്ല. സന്ദേശം വ്യാജമാണെന്നാണ് നിഗമനം. പൊതുസമൂഹം പരിഭ്രാന്തരാകരുതെന്നും സമാധാനം പാലിക്കണമെന്നും ഡൽഹി പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
സംഭവത്തിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ഗവർണർ അറിയിച്ചു. രക്ഷിതാക്കൾ പരിഭ്രാന്തരാകരുത്. സ്കൂളുകളുടേയും വിദ്യാർഥികളുടേയും സുരക്ഷ ഉറപ്പാക്കാൻ അധികൃതരോട് സഹകരിക്കണം. ആക്രമികളേയും കുറ്റവാളികളെയും വെറുതേവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post