ദുബൈ: യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരും. മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരും. രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് യു.എ.ഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും വിദ്യാലയങ്ങൾ പഠനം ഓൺലൈലിലേക്ക് മാറ്റി.
സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. ദുബൈയിൽ പൊതുപാർക്കുകളും ബീച്ചുകളും അടച്ചു.
ജാഗ്രതാ നിർദേശമുണ്ടെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കെടുതിവിതച്ചത്ര തീവ്രമായിരിക്കില്ല ഇന്നത്തെ മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന സൂചന. എങ്കിലും ആളപായം കുറക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ഓരോ എമിറേറ്റിലും നഗരസഭകൾ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ സാമാന്യം ശക്തമായ മഴ ലഭിച്ചു. ഇന്നലെ അർധരാത്രി മുതൽ അബൂദബിയുടെ അൽ ദഫ്റ മേഖലയിൽ മഴ തുടരുകയാണ്. അബൂദബി മുതൽ ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ വലെ നീളുന്ന തീരദേശത്തും ഫുജൈറ, ഖൊർഫുക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ മേഖലയിലും ഒരുപോലെ മഴയുണ്ടാകും.
Discussion about this post