മുംബൈ: മുംബൈയിൽ ഫോണ്‍ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വിഷദ്രാവകം കുത്തിവച്ചതിനെ തുടര്‍ന്ന് പൊലീസുകാരന്‍ മരിച്ചു. വർളി ക്യാമ്പിലെ പോലീസ് കോൺസ്റ്റബിൾ വിശാൽ പവാറാണ് കൊല്ലപ്പെട്ടത്. താനെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിക്കുന്നത്. ലോക്കൽ ട്രെയിനിൽ ജോലിക്കായി പോകുമ്പോൾ തൻ്റെ ഫോൺ തട്ടിയെടുത്തവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിശാലിന് നേരെ ആക്രമണം ഉണ്ടായത്.
ഏപ്രില്‍ 28 തീയതി സബര്‍ബന്‍ ട്രെയിനില്‍ ജോലിക്ക് പോകുന്നതിനിടെയാണ് പൊലീസുകാരന്‍ ആക്രമിക്കപ്പെട്ടത്. ഇയാള്‍ വാതിലിന് സമീപം ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുംബൈയിലെ സിയോണ്‍- മാതുംഗ സ്‌റ്റേഷന് സമീപം ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോള്‍ ട്രാക്കിലുണ്ടായിരുന്ന മോഷ്ടാവ് ഫോണില്‍ പൊലീസുകാരന്റെ കൈയില്‍ അടിക്കുകയും മൊബൈല്‍ ഫോണ്‍ താഴെ വീഴുകയും ചെയ്തു. ഇതിനിടെ പ്രതി ഫോണെടുത്ത് ട്രാക്കിലുടെ ഓടാന്‍ തുടങ്ങി. ട്രെയിന്‍ മെല്ലെയായതിനാല്‍ പൊലീസുകാരന്‍ ചാടി ഇറങ്ങി മോഷ്ടാവിനെ പിന്തുടര്‍ന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോൾ മയക്കുമരുന്നിന് അടിമകളായ മോഷ്ടാക്കളുടെ സംഘം അദ്ദേഹത്തെ വളഞ്ഞു. വിശാൽ എതിർത്തപ്പോൾ അവർ ആക്രമിച്ചു. സംഘത്തിലുണ്ടായിരുന്ന ഒരാൾ മുതുകിൽ വിഷദ്രാവകം കുത്തിവച്ചു. ചുവന്ന നിറത്തിലുള്ള ദ്രാവകം വായിൽ ഒഴിച്ചതായും വിശാലിന്റെ മരണ മൊഴിയുണ്ട്.
അതിന് പിന്നാലെ വിശാല്‍ ബോധരഹിതനായതായും പൊലീസ് പറയുന്നു. പിറ്റേന്ന് രാവിലെ ബോധം തിരിച്ചുകിട്ടിയ വിശാല്‍ വീട്ടിലേക്ക് മടങ്ങിയെങ്കിലും, ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രി ചികിത്സയിലിരിക്കെ വിശാല്‍ മരിച്ചു. വിശാലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ കേസ് എടുത്തതായും പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Discussion about this post