തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതു ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവ് ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണു മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതെന്നും ചൂണ്ടിക്കാട്ടിയായിരുന്ന് അദ്ദേഹത്തിന്റെ വിമർശനം.
ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്നു പരിശോധിക്കണമെന്ന് സതീശൻ പറഞ്ഞു.
സംഭവത്തില്‍ പൊലീസിനും കെഎസ്ആര്‍ടിസി മാനേജ്മെന്റിനും ഗുരുതര വീഴ്ച പറ്റിയതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നഗരമധ്യത്തില്‍ ബസിനു കുറുകെ കാറിട്ടു പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കി വിട്ടിട്ടും കെഎസ്ആര്‍ടിസി അധികൃതര്‍ പ്രതികരിച്ചില്ലെ. ബസിന്റെ ട്രിപ്പ് മുടക്കിയിട്ടും പൊലീസില്‍ പരാതി നല്‍കിയില്ല. സാധാരണക്കാരന് ഇങ്ങനെ ചെയ്താലും ഇതാണോ സമീപനം? അതോ മേയര്‍ക്കും എംഎല്‍എയ്ക്കും എന്തെങ്കിലും പ്രിവിലേജുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. മേയറും എംഎല്‍എയും സംഘവും നടത്തിയ നിയമലംഘനങ്ങളില്‍ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ലെന്നും, ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറുഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post