അഹമ്മദാബാദ്: കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനും കോണ്‍ഗ്രസുമായിട്ടുള്ള ബന്ധം പരസ്യമാണെന്നും പാകിസ്ഥാനിലെ നേതാക്കള്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കോൺഗ്രസ് ദുർബലമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ ആനന്ദിൽ നടന്ന റാലിയിലാണ് മോദിയുടെ പരാമർശം.
പാകിസ്ഥാനും കോണ്‍ഗ്രസും തമ്മിലുള്ള കൂട്ടുകെട്ട് ഇപ്പോള്‍ പൂര്‍ണ്ണമായും വെളിപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുകയാണ്. അപ്പോള്‍ പാകിസ്ഥാനിലെ നേതാക്കള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരാനായി പ്രാര്‍ത്ഥനയിലാണെന്ന് മോദി പറഞ്ഞു. ദുര്‍ബ്ബലമായ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭീകരതയുടെ യജമാനന്മാര്‍ക്ക് രേഖകള്‍ നല്‍കിയെന്ന് മുന്‍ യുപിഎ സര്‍ക്കാരിനെ ഉദ്ദേശിച്ച് മോദി ആരോപിച്ചു.
എന്നാല്‍ മോദിയുടെ ശക്തമായ സര്‍ക്കാര്‍ ഭീകരരെ അവരുടെ മണ്ണില്‍ കൊല്ലുന്നു. ഇവിടെ കോണ്‍ഗ്രസ് മരിക്കുകയും അവിടെ പാകിസ്ഥാന്‍ കരയുകയും ചെയ്യുന്നു. കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണ്. സ്‌നേഹത്തിന്റെ കട എന്നു കോണ്‍ഗ്രസ് വിശേഷിപ്പിക്കുമ്പോള്‍, അത് വ്യാജ വസ്തുക്കളുടെ ഫാക്ടറി ആയി മാറിയെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
യുപിഎ ഭരണത്തെ ഭരണകാലമെന്നും നിലവിലെ എന്‍ഡിഎ ഭരണത്തെ സേവന കാലമെന്നും പരാമര്‍ശിച്ച പ്രധാനമന്ത്രി, കോണ്‍ഗ്രസ് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. 60 വർഷത്തെ കോൺഗ്രസിന്റെ ഭരണം രാജ്യം കണ്ടിരുന്നു. ഇപ്പോൾ രാജ്യം ബിജെപിയുടെ 10 വർഷത്തെ സേവനവും കണ്ടു. ഏതായിരുന്നു നല്ല ഭരണ എന്ന് രാജ്യത്തെ ജനങ്ങൾക്ക് തന്നെ അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

