ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ അറസ്റ്റുചെയ്തു. ഹൈദരാബാദിൽ നിന്ന് ഡൽഹി പോലീസാണ് ഇവരെ അറസ്റ്റുചെയ്തത്. വ്യാജ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തെറ്റായ വീഡിയോ നിര്‍മിച്ചുവെന്ന് കാട്ടി ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോണ്‍ഗ്രസ് നേതാക്കളായ അസ്മ, ഗീത എന്നിവരും സമൂഹ മാധ്യമ സംഘാംഗങ്ങളായ നവീന്‍, ശിവ, മന്ന എന്നിവരുമാണ് അറസ്റ്റിലായത്. ഇവരെ ഉടൻ ഡൽഹിയിലേക്ക് എത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
തെലങ്കാനയിലെ പ്രസംഗത്തില്‍ എസ്.സി എസ് ടി , ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്നതായി കാണിക്കുന്ന വ്യാജ വിഡിയോയാണ് വിവാദത്തിലായത്. തെലങ്കാനയിലെ മുസ്ലിം സംവരണം എടുത്തുകയുമെന്ന പ്രസംഗമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. പ്രസംഗത്തിന്റെ യഥാര്‍ഥ വിഡിയോ പുറത്തുവിട്ടുകൊണ്ട് ഗുവാഹത്തിയിലെ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. പരാജയ ഭീതിയിലായ കോണ്‍ഗ്രസ് വ്യാജവിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണിതെന്നും അമിത് ഷാ ആരോപിച്ചിരുന്നു.
Discussion about this post