തിരുവനന്തപുരം: മുന്നറിയിപ്പിലാതെ ജോലിക്ക് ഹാജരാകാത്ത 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. 2024 ഏപ്രിൽ 29, 30 തീയതികളിൽ കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിര ഡ്രൈവർമാരെ സ്ഥലംമാറ്റുകയും നാല് ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു.
യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാർ കൂട്ടമായി അവധിയെടുത്തതിനാൽ പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടായി. ഇത് കെ.എസ്.ആർ.ടി.സി. സർവീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും കെ.എസ്.ആർ.ടി.സിയ്ക്ക് 1,88,665 രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കർ അറിയിച്ചു.
കെ.എസ്.ആർ.ടി.സി. സർവീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് അവരെ മറ്റു യാത്രാമാർഗ്ഗങ്ങൾ തേടുന്നത്തിലേക്ക് നയിക്കും. ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികൾ ഒരുതരത്തിലും അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ വ്യക്തമാക്കി.
Discussion about this post