ഡൽഹി: നടന്നു കൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവിൽ നിരാശ രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ചില മെട്രോപൊളിറ്റൻ നഗരങ്ങളിലെ പോളിംഗ് ശതമാനത്തിലാണ് കമ്മീഷൻ നിരാശ പ്രകടിപ്പിച്ചത്. നഗര സീറ്റുകളിലെ വോട്ടർമാരെ പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിലുണ്ടായ നിസ്സംഗത ഇടിവിന് കാരണമായെന്നും കമ്മീഷൻ വ്യക്തമാക്കി. പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് സംബന്ധിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇനി വരാനിരിക്കുന്ന ഘട്ടങ്ങളിൽ ഇത് ആവർത്തിക്കരുതെന്നും കൂടുതൽ വോട്ടർമാരെ ബൂത്തുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. നഗരങ്ങളിലെ വോട്ടർമാരെ കേന്ദ്രീകരിച്ച് പ്രചാരണങ്ങളെല്ലാം നടത്തിയിട്ടും അവർ വോട്ടവകാശം വിനിയോഗിച്ചിട്ടില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. തലസ്ഥാന നഗര മേഖലകളിലെ കാര്യവും മെച്ചപ്പെട്ട രീതിയിലല്ല. ഈ പ്രശ്നങ്ങൾ പരിഗരിക്കാൻ കഴിഞ്ഞ മാസം നിരവധി മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ യോഗം ഡൽഹിയിൽ നടത്തിയിരുന്നു. അടുത്ത ഘട്ടങ്ങളിൽ പോളിങ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക കർമ്മ പദ്ധതി ആവിഷ്കരിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ആദ്യഘട്ട വോട്ടെടുപ്പിൽ നാല് ശതമാനവും രണ്ടാം ഘട്ടത്തിൽ 3 ശതമാനവും പോളിങ് കുറഞ്ഞ പശ്ചാത്തലത്തിലാണ് കമ്മിഷൻ്റെ പ്രസ്താവന. ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 102 സീറ്റുകളിലേക്കുള്ള വോട്ടിങ് ശതമാനം 66.14 ശതമാനവും ഏപ്രിൽ 26ന് നടന്ന രണ്ടാം ഘട്ടത്തിൽ 88 സീറ്റുകളിൽ 66.71 ശതമാനവും ആയിരുന്നു.
Discussion about this post