മലപ്പുറം: താനൂർ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിൽ നാല് സിവിൽ പോലീസുകാർ അറസ്റ്റിൽ. ഇന്ന് പുലർച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്ബിന് അഗസ്റ്റിന്, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് അറസ്റ്റ് നടക്കുന്നത്.
ആല്ബിന് അഗസ്റ്റിനെ നീണ്ടുകരയിലെ വീട്ടില്‍ നിന്നും അഭിമന്യുവിനെ താനൂരിലെ താമരക്കുളത്ത് നിന്നും വിപിന്‍,ജിനേഷ് എന്നിവരെ വള്ളിക്കുന്നില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊലപ്പെടുത്തിയതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭയിൽ തന്നെ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലായ് 31ന് രാത്രിയിലാണ് താമിർ ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് കൈവശമുണ്ടെന്ന് സംശയിച്ച് പിടികൂടിയ താമിറിനെ പൊലീസ് ക്രൂരമായി മർദിച്ചെന്നും ആഗസ്റ്റ് ഒന്നിന് രാവിലെ കസ്റ്റഡിയിൽ മരിച്ചെന്നുമാണ് പരാതി. ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നും പുലര്‍ച്ചെ കൂടെ ഉള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്. എന്നാല്‍, ആശുപത്രിയിൽ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമായിരുന്നു.
Discussion about this post