പത്തനംതിട്ട: റാന്നിയിലെ ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു. മുക്കാലുമൺ സ്വദേശി വിശാഖിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി ഗേറ്റ്വേ ഹോട്ടലിലാണ് സംഘർഷമുണ്ടായത്.
വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. വിഷ്ണു വിജയനും സുഹൃത്തും റാന്നി ഗേറ്റ്വേ ഹോട്ടലിൽ മദ്യപിക്കാനെത്തിയതായിരുന്നു. വിശാഖിനെ കണ്ടപ്പോൾ നിന്നെ ഞാൻ നോക്കി വച്ചിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു കൊണ്ട് വിഷ്ണു ജേക്കബിനെ പിടിച്ചു തള്ളി. ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും വിശാഖിന്റെ ശരീരത്തിൽ വന്ന് തട്ടുകയും ചെയ്തു. ശേഷം വിഷ്ണുവും ജേക്കബും ചേർന്ന് വിശാഖിനെ ബാറിന് പിന്നിലെ പാർക്കിങ് ഏരിയായിലേക്ക് കൊണ്ട് പോവുകയും ജേക്കബ് അവിടെ കിടന്ന വടിയെടുത്ത് അടിക്കുകയും ചെയ്തു. തുടർന്ന്, ഭിത്തിയിൽ ചേർത്ത് നിർത്തി മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചുണ്ട് കടിച്ചുമുറിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്ലാസ്റ്റിക് സർജറി ആവശ്യമായേക്കുമെന്ന നിർദേശത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരേയും പോലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേരുടേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post