തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയ്ക്കുമെതിരെ ഹർജി സമർപ്പിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ എച്ച്.എൽ യദു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് തിരുവനന്തപുരം ജൂഡീഷ്യൽ കോടതിയിൽ ഹർജി സമർപ്പിച്ചത്.
കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർക്കെതിരായ ഡ്രൈവർ ഹരജി നൽകിയിരിക്കുന്നത്. ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് എം.എൽ.എക്കെതിരായ പരാതി. കോടതി മേൽനോട്ടത്തിലോ നിർദേശത്തിലോ അന്വേഷണം വേണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
അതിനിടെ, മേയർ പരാതിയിൽ പറയുന്ന കാര്യങ്ങളൊന്നും കണ്ടില്ലെന്ന കണ്ടക്ടർ സുബിന്റെ വാദത്തിനെതിരേ യദു രൂക്ഷമായി പ്രതികരിച്ചു. കണ്ടക്ടർ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നും. തന്റെ മുമ്പിൽ നിന്ന് തന്നെയാണ് എം.എൽ.എയെ സഖാവേ എന്ന് വിളിച്ച് എഴുന്നേറ്റ് സീറ്റ് നൽകിയതെന്നും യദു പ്രതികരിച്ചു. മുൻപിൽ തന്നെയായിരുന്നു കണ്ടക്ടർ ഇരുന്നത്. എന്നിട്ട് ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത് പിൻസീറ്റിലാണ് അദ്ദേഹം ഇരുന്നതെന്നാണെന്നും യദു കൂട്ടിച്ചേർത്തു. മെമ്മറി കാര്‍ഡ് കാണാതായതിലും കണ്ടക്ടറെ സംശയമുണ്ട്. തന്റെ സഹപ്രവർത്തകനെ താനൊരിക്കലും കുറ്റം പറയില്ല. പാർട്ടിയിൽ നിന്നുള്ള സമ്മർദമാകാം കാരണം. ഇക്കാര്യം നിയമം തെളിയിക്കേണ്ടതാണെന്നും യദു ചൂണ്ടിക്കാട്ടി.
Discussion about this post