കോഴിക്കോട്: നവകേരള ബസിന്റെ പ്രതിദിന സര്‍വീസ് നാളെ തുടങ്ങും. കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് ‘നവകേരള ബസ്’ സര്‍വീസ് നടത്തുക. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് 11.30-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരുവില്‍ നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ടെത്തും. താമരശ്ശേരി, കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു വഴിയാണ് സര്‍വീസ് നടത്തുന്നത്.
26 സീറ്റുകളാണ് ബസിലുള്ളത്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. നാളെക്കുള്ള എല്ലാ ടിക്കറ്റുകളും ഇതിനോടകം തന്നെ വിറ്റുതീര്‍ന്നു. നവകേരള സദസ്സിനുശേഷം ബസ് എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍തലത്തില്‍ തീരുമാനം വന്നിരുന്നില്ല. സര്‍ക്കാര്‍ ബസ് തിരിഞ്ഞുനോക്കാത്തത് വിവാദവുമായിരുന്നു. ഇതോടെയാണ് ബസ് റെഗുലര്‍ സര്‍വീസിന് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായിരുന്ന സീറ്റുകളെല്ലാം മാറ്റി പുതിയ പുഷ്ബാക്ക് സീറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ബസിലുണ്ടായിരുന്ന ശൗചാലയവും ചവിട്ടുപടിക്കുള്ള ലിഫ്റ്റും അത്പോലെ നിലനിര്‍ത്തിയിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസ് ഗരുഡപ്രീമിയം ആയാണ് ബസ് ഓടുന്നത്. യാത്രക്കിടയില്‍ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവുമുണ്ട്. 1.16 കോടി രൂപ മുടക്കി വാങ്ങിയ ഭാരത് ബെന്‍സിന്റെ ഈ ആഡംബര ബസ് കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍.
Discussion about this post