തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍.കേരളത്തിലെ ജനങ്ങള്‍ വേനല്‍ച്ചൂടില്‍ പാടത്തും പറമ്പത്തും വീണു മരിക്കുമ്പോള്‍ പിണറായി വിജയന്‍ കുടുംബവുമായി ബീച്ച് ടൂറിസം ആഘോഷിക്കാന്‍ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും പോയിരിക്കുകയാണെന്ന് മുരളീധരന്‍ തുറന്നടിച്ചു. യാത്രയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ അദ്ദേഹവും പാര്‍ട്ടിയും വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വിദേശരാജ്യങ്ങളില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. താന്‍ അതിനെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഈ യാത്രയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ അദ്ദേഹവും പാര്‍ട്ടിയും വ്യക്തത വരുത്തണം. പത്തൊന്‍പത് ദിവസം ഇവരെല്ലാവരും കൂടി മൂന്ന് വിദേശരാജ്യങ്ങളില്‍ വിനോദ സഞ്ചാരം നടത്താനുള്ള വരുമാന സ്രോതസ് എവിടെ നിന്നാണ്?. അത് എവിടെ നിന്നാണ് വരുന്നത്?. അത് ആരാണ് സ്‌പോണസര്‍ ചെയ്തിരിക്കുന്നത്?. അത് അദ്ദേഹം വ്യക്തമാക്കണമെന്നും, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പറയണമെന്നും വി മുരളീധരന്‍ പറഞ്ഞു.
റോം കത്തിയെരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെ കുറിച്ച് മലയാളികള്‍ക്ക് കേട്ടറിവ് ഉണ്ട്. പക്ഷെ അങ്ങനെ ഒരു നീറോ ചക്രവര്‍ത്തിയെ നേരിട്ട് കാണാനുള്ള സാഹചര്യം മലയാളികള്‍ക്ക് ഉണ്ടായിട്ടില്ല. പിണറായി വിജയന്റ വിദേശയാത്രയോടെ മലയാളികള്‍ക്ക് അതിന് കഴിഞ്ഞെന്നും മുരളീധരന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ആഡംബര യാത്രയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. മാസപ്പടി കേസിൽ വി.ഡി സതീശൻ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിപ്പിച്ചു. ഒരു രേഖയും ഇല്ലാതെ കോടതിയിൽ പോയി മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് കൊടുപ്പിച്ചു. ഇത് ആരുടെ താല്പര്യം കൊണ്ടാണ്? അഡ്ജസ്റ്റ്മെൻറ് നടന്നോ എന്നും അദ്ദേഹം ചോദിച്ചു.
അതേ സമയം ഔദ്യോഗിക യാത്ര അല്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. മകന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് യാത്രയെന്നാണ് വിശദീകരണം. യാത്ര നിശ്ചയിച്ച ശേഷം ചീഫ് സെക്രട്ടറി ഉൾപ്പെടെയുളളവരുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. കുറച്ച് ദിവസം ഉണ്ടാകില്ലെന്നും മാറി നിൽക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലും മന്ത്രിമാരോടും അറിയിച്ചിട്ടുളളത്. എന്നാണ് മുഖ്യമന്ത്രി മടക്കമെന്ന കാര്യത്തിലും വ്യക്തതയില്ല.
Discussion about this post