കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39കാരിയായ പ്രീത, പതിനാലുവയസുകാരി ശ്രീനന്ദ എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗിനെ കൊട്ടിയത്തെ ആശുപത്രിയിലും കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും നില ഗുരുതരമാണ്.
ഇന്ന് രാവിലെയായിരുന്നു സംഭവം പുറത്തറിയുന്നത്. രാവിലെ എട്ടുമണിയായിട്ടും വാതിൽ അടഞ്ഞുകിടന്നതിനെ തുടർന്നാണ് സമീപത്ത് താമസിക്കുന്ന ബന്ധു വീട്ടിലെത്തി പരിശോധിച്ചത്. ഉടനെ നാലു പേരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാത്രി വൈകിയാവാം സംഭവം നടന്നതെന്നാണ് നിഗമനം. 3 പേരുടെയും കഴുത്തറുത്തതിന് ശേഷം ഗൃഹനാഥൻ കൈ ഞരമ്പറുത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഷത്തിൻ്റെ അംശം ഉള്ളിൽ ചെന്നിട്ടുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. വിഷം കൊടുത്ത ശേഷം കഴുത്തറുക്കുകയായിരുന്നുവെന്നാണ് നിഗമനം. മേസ്തിരിയായിരുന്നു ശ്രീജു. പ്രീത പൂതക്കുളം സര്‍വീസ് ബാങ്കിലെ കളക്ഷന്‍ ഏജന്റാണ്. മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മകന്‍ ശ്രീരാഗ് പ്ലസ് ടു വിദ്യാര്‍ഥിയാണ്.

