തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പെന്ന് വിലയിരുത്തി സംസ്ഥാന ബി.ജെ.പി നേതൃത്വം. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും നേതൃത്വം വിലയിരുത്തുന്നു. ബൂത്ത് തലത്തില്‍ നിന്ന് ലഭിച്ച കണക്കുകള്‍ വിലയിരുത്തിയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിഗമനം. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല 20 ശതമാനം വോട്ടുനേടി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
തൃശ്ശൂരില്‍ എന്തായാലും സുരേഷ് ഗോപി വിജയിക്കുമെന്നാണ് വിലയുത്തല്‍. ബിജെപി നാല് ലക്ഷം വോട്ടുപിടിക്കും. 3,80,000 വോട്ടുനേടി യു.ഡി.എഫ് ആയിരിക്കും രണ്ടാംസ്ഥാനത്ത്. തൃശ്ശൂര്‍, മണലൂര്‍, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും നാട്ടികയിലും പുതുക്കാടും രണ്ടാം സ്ഥാലത്തും എത്തി വിജയത്തിന് അടിത്തറയിടുമെന്നാണ് കണക്കുകൂട്ടല്‍. തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങൽ, പത്തനംതിട്ട, മണ്ഡലങ്ങളിലാണ് പാർട്ടി വിജയം പ്രതീക്ഷിക്കുന്നത്. ആലപ്പുഴയിലും പാലക്കാടും പാർട്ടി രണ്ടാമതെത്തും എന്നും വിലയിരുത്തലുണ്ടായി.
2019-ല്‍ 3,16,000 വോട്ടു നേടിയ തിരുവനവനന്തപുരത്ത് ഇത്തവണ 3,60,000 വോട്ടുനേടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും. രണ്ടാം സ്ഥാനത്ത് ശശി തരൂര്‍ ആയിരിക്കും. ജയത്തിന് അടിത്തറയാകുന്ന ലീഡ് നേമത്ത് 20,000, വട്ടിയൂര്‍ക്കാവില്‍ 15,000, കഴക്കൂട്ടത്ത് 8000, തിരുവനന്തപുരം സിറ്റിയില്‍ 5000 വോട്ട് എന്നിങ്ങനെ ആയിരിക്കും.വലിയ മുന്നേറ്റമുണ്ടാകുമെന്ന വലിയ ആത്മവിശ്വാസമാണ് തിരുവനവനന്തപുരത്ത് ഉള്ളത്.
കേന്ദ്രമന്ത്രി വി മുരളീധരന്‍ മത്സരിച്ച ആറ്റിങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്നു. മൂന്നുലക്ഷം വോട്ട് ഉറപ്പെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പത്തനംതിട്ടയില്‍ അനില്‍ ആന്റണി, മുന്‍പ് കെ. സുരേന്ദ്രന്‍ നേടിയ 2,97,000 വോട്ട് മറികടക്കാനുള്ള മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പാലക്കാടും ആലപ്പുഴയിലും വലിയ മുന്നേറ്റമുണ്ടാക്കുകയും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്യും. കെ.. സുരേന്ദ്രന്‍ മത്സരിച്ച വയനാട്ടില്‍ വോട്ട് ഇരട്ടിയാകും. തുഷാര്‍ വെള്ളാപ്പള്ളിക്ക് കോട്ടയത്ത് രണ്ടരലക്ഷം വോട്ട് ഉറപ്പാണ്. ഇന്ന് ചേരുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെയും പാര്‍ലമെന്റ് മണ്ഡലം ഇന്‍ചാര്‍ജുമാരുടെയും യോഗം ഈ കണക്കുകള്‍ അവലോകനം ചെയ്യും.
Discussion about this post