കൊടും ചൂടിൽ ചർമ്മത്തിലെ ടാൻ ഇല്ലാതാക്കാൻ പല വഴികളും പ്രയോഗിച്ചു മടുത്തെങ്കിൽ ഒന്ന് അടുക്കള വരെ പോയാലോ? പല വീടുകളിലും ഭക്ഷണത്തില്‍ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിൻ സി, ബി6, മാംഗനീസ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയെല്ലാം ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. അത് മാത്രമല്ല ഉരുളക്കിഴങ്ങ് ചർമ്മ സംരക്ഷണത്തിനും മികച്ചതാണ്.
ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. മികച്ച ആന്റി ഓക്സിഡന്റുകളുടെ കലവറയായ സൂര്യരശ്മികൾ കാരണം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ടാൻ ഇല്ലാതാക്കാൻ കഴിയും. ഇരുമ്പ്, വിറ്റാമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമായ ഇവ ചർമ്മസംരക്ഷണത്തിന് പല വിധത്തില്‍ സഹായിക്കുന്നു.
ഇനി ഉരുളക്കിഴങ്ങ് ഉപയോഗിച്ച് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ചില പാക്കുകൾ അറിയാം,
ചര്‍മ്മം തിളങ്ങാനും ടാന്‍ ഇല്ലാതാക്കനും ഉരുളക്കിഴങ്ങും തേനും ഉപയോഗിച്ച് പാക്ക് ഉണ്ടാക്കാം. ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേക്ക് തേൻ ചേർക്കുക. ഇത് മുഖത്തു തേച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഉരുളക്കിഴങ്ങിന്റെ നീര് ചർമത്തിലെ ടാൻ ഒഴിവാക്കാൻ സഹായിക്കും.
ഉരുളക്കിഴങ്ങിന്റെ നീരിലേക്ക് തക്കാളി പിഴിഞ്ഞത് ചേർത്ത് മുഖത്ത് 10 മിനിറ്റ് നേരം പുരട്ടുക. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറാൻ ഇത് ഫലപ്രദമാണ്. ആവശ്യമെങ്കിൽ ഇതിലേക്ക് അൽപം തേനും ചേർക്കാം.
കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.
നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ചർമം തിളങ്ങാൻ ഫലപ്രദമാണ്. രണ്ട് സ്പൂൺ നാരങ്ങാനീര് ഉരുളക്കിഴങ്ങ് നീരിൽ ചേർത്ത് പാക് ഉണ്ടാക്കി മുഖത്ത് പുരട്ടിയശേഷം 10 മിനിറ്റ് കഴിഞ്ഞ് സ്‌ക്രബ് ചെയ്തു കഴുകിക്കളയാം.
മുട്ടയുടെ വെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഈ പാക്ക് സഹായിക്കും.
Discussion about this post