കല്‍പ്പറ്റ: അമ്പലവയലിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വീടിന് പുറത്ത് കൂട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെയാണ് പുലി ആക്രമിച്ചത്.
ഒരു മണിയോടെ വീടിന് പിറകില്‍ നിന്ന് ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങി വന്ന് നോക്കിയെങ്കിലും പുലി ഓടുന്നതാണ് കണ്ടത്. പിന്നീട് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വളര്‍ത്തുനായയെ കടുവ കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ശബ്ദമില്ലാതെ പമ്മി എത്തുന്ന പുലി, ഒന്ന് കരയാൻ പോലും ഇട കൊടുക്കാതെ നായയെ കടിച്ചെടുത്ത് കൊണ്ടോടുകയാണ് ചെയ്തത്. വനവാസമേഖലയാണെങ്കിലും പുലിയുടെ ആക്രമണം അത്ര സാധാരണമല്ല.
നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഈ സംഭവത്തോടെ പരിഭ്രാന്തിയിലാണ് പ്രദേശവാസികള്‍. ക്ഷീരമേഖലയായതിനാല്‍ പുലര്‍ച്ചെ തന്നെ ജോലിക്ക് പോകുന്നവരും ഇവിടെ ഏറെയുണ്ട്. പുലിയെ എത്രയും വേഗം കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടികൂടാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

