തൃശൂര്‍: 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചെന്ന് പരിശോധനാ ഫലം. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരണം. ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്ന് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്.
പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗിക്ക് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 3 നാണ് രോഗി മരിച്ചത്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്.
അതേസമയം ജില്ലയില്‍ 70 വയസുള്ള കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും രോഗിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് 10 പേര്‍ക്കാണ് വെസ്റ്റ്നൈല്‍ പനി സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post