ന്യൂഡൽഹി: ബിഎസ്പി ദേശീയ കോ ഓർഡിനേറ്റർ പദവിയിൽ നിന്നും അനന്തരവൻ ആകാശ് ആനന്ദിനെ മാറ്റി പാർട്ടി അധ്യക്ഷ മായാവതി. രാഷ്ട്രീയ പക്വത കാണിക്കാത്തതിനാലാണ് നടപടിയെന്ന് മായാവതി അറിയിച്ചു.ബിഎസ്പിയില്‍ തന്റെ പിന്‍ഗാമിയായി ആകാശിനെ നിശ്ചയിച്ചതും പിന്‍വലിച്ചതായി മായാവതി അറിയിച്ചു.
ആകാശ് ആനന്ദിന് പക്വതയില്ലെന്നാണ് മായാവതി സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചത്. പക്വത വരും വരെ എല്ലാ പദവികളില്‍ നിന്നും ആകാശ് ആനന്ദിനെ നീക്കി നിര്‍ത്തുന്നു എന്നും മായാവതി വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി സര്‍ക്കാരിനെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി താരതമ്യം ചെയ്തുള്ള ആകാശ് ആനന്ദിന്റെ പോസ്റ്റ് അടുത്തിടെ വിവാദമായിരുന്നു. എതിർ സ്ഥാനാർത്ഥികളെ ചെരിപ്പുകൊണ്ട് അടിക്കണമെന്നും ബിജെപിയുടേത് വഞ്ചകരുടെ സർക്കാരാണെന്നും ആകാശ് അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആകാശിനെ തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിച്ചത്.

