കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സി.ബി.ഐ. ഡൽഹി എയിംസിൽ നിന്നും ഉദ്യോഗസ്ഥർ വിദഗ്ധോപദേശം തേടി. പോസ്റ്റ് മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ അധികൃതർ എയിംസിലേക്ക് അയച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആത്മഹത്യയാണോ കൊലപാതകമാണോ വിദ്യാർഥിയുടെ മരണകാരണമെന്നതിൽ വ്യക്തത വരുത്തുന്നതിനാണ് സി.ബി.ഐ. എയിംസിനെ സമീപിച്ചിരിക്കുന്നത്. സിദ്ധാർത്ഥന്റെ ആത്മഹത്യ നടന്ന കുളിമുറിയുടെ വാതിൽ പൊട്ടിയ നിലയിലും പൂട്ട് ഇളകിയ നിലയിലുമെന്ന് സിബിഐ വ്യക്തമാക്കി. സിദ്ധാർത്ഥനെ പ്രതികൾ ആൾക്കൂട്ട വിചാരണ നടത്തിയെന്ന് സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ട് ദിവസം നഗ്നനാക്കി മർദ്ദിച്ചു. സിദ്ധാർത്ഥിന് അടിയന്തര വൈദ്യ സഹായം നൽകിയില്ലെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
ഫെബ്രുവരി 16 ന് രാത്രി 9.30 ന് ആരംഭിച്ച ആക്രമണം, അപമാനിക്കൽ, ഉപദ്രവിക്കൽ എന്നിവ ഫെബ്രുവരി 17 ന് പുലർച്ചെ 1 മണി വരെ നീണ്ടുവെന്നും കുറ്റപത്രത്തിൽ പറയുന്നു. അതേ സമയം കേസിലെ പ്രതികളുടെ ജാമ്യഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. പ്രതികളായ അരുൺ കേലോത്ത്, എൻ. ആസിഫ് ഖാൻ, എ. അൽത്താഫ്, റെയ്ഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നഫീസ് തുടങ്ങിയവരുടെ ജാമ്യഹർജിയാണ് കോടതി പരിഗണിക്കുന്നത്. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.
Discussion about this post