തലശ്ശേരി: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്താൽ 23-കാരിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കണ്ണൂർ കൂത്തുപറമ്പിനടുത്ത് വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്. സുഹൃത്ത് കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ എ. ശ്യംജിത്താണ് കേസിലെ പ്രതി.
2022 ഒക്ടോബർ 22-നായിരുന്നു നാടിനെ ഞെട്ടിച്ച കൊടും ക്രൂരത. ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന് ദൃക്സാക്ഷികളില്ലാത്തതിനാൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുടെയും ബലത്തിലാണ് അന്വേഷണം പുരോഗമിച്ചത്. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി.
2023 സെപ്റ്റംബർ 21നാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. കേസിൽ 73 സാക്ഷികളാണുള്ളത്.

