തിരുവവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷയെഴുതാമെന്നും മന്ത്രി പറഞ്ഞു. ഉപരിപഠനത്തിന് അര്‍ഹതനേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്പരിശോധന, ഫോട്ടോ കോപ്പിക്കുള്ള അപേക്ഷകള്‍ മെയ് ഒന്‍പതാം തീയതി മുതല്‍ 15ാം തീയതി വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ്. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്.
2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് ലഭിച്ചവരില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ്. പരീക്ഷയെഴുതിയവരില്‍ കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത് (99.92).വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്.

