ചണ്ഡിഗഡ്: സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയില്ലെന്നും സര്‍ക്കാര്‍ സുഗമമായി മുന്നോട്ടുപോകുന്നുവെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി. സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ആഗ്രഹം നിറവേറ്റാന്‍ ഹരിയാനയിലെ ജനം അനുവദിക്കില്ല. ലോക്‌സഭയിലോ സംസ്ഥാനത്തോ ഭൂരിപക്ഷമില്ലാത്തപ്പോള്‍ ചിലരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്ന കോണ്‍ഗ്രസിന്റെ ചരിത്രം രാജ്യം മുഴുവന്‍ കണ്ടതാണ്. ചിലര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശക്തിയോടെ മുന്നോട്ടുപോകുന്നുവെന്ന് സൈനി പറഞ്ഞു. ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ രാജ്യത്തും സംസ്ഥാനത്തും എല്ലാ മേഖലകളിലും വികസനം സാധ്യമാക്കിയതായും ബിജെപിയും നരേന്ദ്രമോദിയും വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് അഴിമതി മാത്രമായിരുന്നു സംസ്ഥാനത്ത് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹരിയാനയിൽ മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് നൽകിയ പിന്തുണ മൂന്ന് സ്വതന്ത്ര എം.എൽ.എമാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍ നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍ നിന്നുള്ള സോംബീര്‍ സിംഗ് സാങ്വാന്‍ എന്നിവരാണ് ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതായും കോൺഗ്രസിനെ പിന്തുണക്കുന്നതായും അറിയിച്ചത്.
Discussion about this post