ന്യൂഡല്‍ഹി: വിമാന യാത്രക്കാരെ ബുദ്ധിമുട്ടിച്ച് നടത്തിയ സമരത്തില്‍ 30 കാബിന്‍ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് . മുന്‍കൂട്ടി അറിയിക്കാത്ത ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചു വിട്ടത്.
ഇന്നലെ രാത്രി തന്നെ 30 ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടുള്ള നോട്ടീസ് ഇ-മെയിലൂടെ അയച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതലാണ് മുന്‍കൂട്ടി അറിയിക്കാതെ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ മെഡിക്കല്‍ ലീവ് എടുത്താണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഇതുമൂലം നൂറ് വിമാനസര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായും 15000ലധികം യാത്രക്കാരെ ബാധിച്ചതായുമാണ് റിപ്പോര്‍ട്ട്.
ന്യായമായ കാരണങ്ങളില്ലാതെയും മുന്‍കൂട്ടി അറിയിക്കാതെയുമാണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് നോട്ടീസില്‍ പറയുന്നു. കൂട്ട അസുഖ അവധി നിയമങ്ങളുടെ ലംഘനമാണെന്ന് മാത്രമല്ല. എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂള്‍സിന്റെ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു.
Discussion about this post