കൊടും ചൂടിൽ മുടി കൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. മുടി നന്നായി വളർത്തിയെടുക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുടിയ്ക്ക് നല്ല ആരോഗ്യവും ഭംഗിയും കിട്ടാൻ കൃത്യമായ പരിചരണം വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ഈ ചൂട് കാലത്ത്.
ചൂട് കൂടുമ്പോൾ മുടികൊഴിച്ചിൽ, വരണ്ട മുടി, മുടി പൊട്ടി പോകൽ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഉണ്ടാകും. അത് മുടിയുടെ ഭംഗി ഇല്ലാതാക്കും. മുടി നന്നായി സംരക്ഷിക്കണമെങ്കിൽ മുടിയിൽ ആവശ്യത്തിന് മസാജും അതുപോലെ നല്ല ഹെയർ പായ്ക്കുകളും ഇട്ട് കൊടുക്കേണ്ടത് വളരെ പ്രധാനമാണ്. വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു മാസ്ക് പരിചയപ്പെടാം. ഈ മാസ്ക് തയ്യാറാക്കാൻ നമ്മുക്ക് ചോറ്, കറിവേപ്പില, കറ്റാർവാഴ, ഒലിവ് ഓയിൽ എന്നിവ മാത്രം മതി.
മാസ്ക് തയാറാക്കാൻ
കുറച്ച് കറിവേപ്പിലയും കുറച്ച് ചോറും അതിലേക്ക് അൽപ്പം കറ്റാർവാഴ ചോറ് കുറച്ച് ഒലീവ് ഓയിൽ എന്നിവ നന്നായി ഒരു മിക്സിയിലിട്ട് അരച്ച് എടുക്കുക. ഇനി ഈ മാസ്ക് മുടിയിലും വേരിലുമൊക്കെ നന്നായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം മുടി നന്നായി കഴുകി വ്യത്തിയാക്കി എടുക്കാവുന്നതാണ്.
ഇതിലെ ഓരോന്നിനും ഓരോ ഗുണങ്ങളുണ്ട്. മലയാളികളുടെ ഇഷ്ടവിഭവമായ ചോറ് മുടിയുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. മുടി കൊഴിച്ചിൽ തടയാൻ ചോറ് സഹായിക്കാറുണ്ട്. മുടിയ്ക്ക് സ്വാഭാവിക തിളക്കവും അതുപോലെ മൃദുവാക്കാനും ചോറ് ഏറെ സഹായിക്കും.
മുടികൊഴിച്ചിൽ മാറ്റാൻ ഏറ്റവുമധികം സഹായിക്കുന്നതാണ് കറിവേപ്പില. ഇതിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ മുടിയുടെ ബലം നിലനിർത്താൻ ഏറെ സഹായിക്കും. കറിവേപ്പിലയിൽ വൈറ്റമിൻ സി, വൈറ്റമിൻ ബി, പ്രോട്ടീനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് കറിവേപ്പില.
കറ്റാർവാഴ മുടി വളർത്താൻ ഏറെ നല്ലതാണ് . ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ബാക്ടീരിയൽ ആൻ്റി ഫംഗൽ ഗുണങ്ങൾ തലയോട്ടിയിലെ എല്ലാ പ്രകോപനങ്ങളും ഇല്ലാതാക്കാൻ സഹായിക്കും. മുടിയ്ക്ക് സ്വാഭാവിക ഈർപ്പം നിലനിർത്താൻ ഏറെ സഹായിക്കുന്നതാണ് കറ്റാർവാഴ. വൈറ്റമിൻ ഇ, കെ എന്നിവ ഒലീവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്‍റിബാക്ടീരിയല്‍, ആന്‍റിഫംഗല്‍ ഘടകങ്ങള്‍ തലയോട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുടി വളരാൻ ഇത് ഏറെ സഹായിക്കുകയും ചെയ്യും. മാത്രമല്ല ഇതിലെ വൈറ്റമിൻ ഇ, കെ എന്നിവ താരന്‍, ചൊറിച്ചില്‍, വരണ്ട ചര്‍മം എന്നീ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
Discussion about this post