കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയ യെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച്ച ശിക്ഷ വിധിക്കും .
ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽ നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കേസിൽ നിർണായകമായി.
2022 ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.29 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.
2023 സെപ്റ്റംബർ 21നാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. കേസിൽ 73 സാക്ഷികളാണുള്ളത്.
Discussion about this post