തിരുവനന്തപുരം: ജസ്‌ന മറിയ ജെയിംസിന്റെ തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. ജസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജിലാണ് കോടതി വിധി.
ജസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയിൽ സമർപിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്. ജസ്ന ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലെന്നും സിബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിൽ ചില തെളിവുകളും ഹാജരാക്കി. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജസ്നയുടെ പിതാവ് ആവശ്യപ്പെട്ടത്. പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിനു തയാറാണെന്നായിരുന്നു സിബിഐ നിലപാട്.

