തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നും തടസ്സപ്പെട്ടു. പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും കാരണവുമാണ് ടെസ്റ്റുകൾ തടസ്സപ്പെട്ടത്.
സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷകരെത്തിയില്ല. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി. തൃശ്ശൂർ, തിരുവനന്തപുരം അടക്കം ചിലയിടങ്ങളിലാണ് സംയുക്ത സമരസമിതിയുടെ പ്രതിഷേധമുണ്ടായത്. ചിലയിടങ്ങളിൽ സംയുക്ത സമരസമിതി ഗ്രൗണ്ടിൽ പ്രതിഷേധിച്ചു.
തിരുവനന്തപുരം മുട്ടത്തറയിലെ ഗ്രൗണ്ടിന് മുന്നിൽ പ്രതിഷേധ സമരക്കാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. തൃശ്ശൂർ അത്താണിയിൽ സമരസമിതി പ്രവർത്തകർ കുഴിമാടം തീര്‍ത്ത് പ്രതിഷേധിച്ചു. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിൽ കുഴിയുണ്ടാക്കി അതിലിറങ്ങി കിടന്നായിരുന്നു പ്രതിഷേധം. താമരശേരിയിൽ സമരക്കാർ കഞ്ഞി വെച്ച് പ്രതിഷേധിച്ചു.
എറണാകുളത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. അപേക്ഷകർ ആരും എത്താതിരുന്നതോടെ ഉദ്യോഗസ്ഥർ മടങ്ങി. കോഴിക്കോട് ആറാം ദിവസവും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. സ്ലോട്ട് നൽകിയെങ്കിലും ആരും സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തിയില്ല.
Discussion about this post