ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യകാലാവധി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്‌രിവാളിന് ജാമ്യം അനുദിക്കുന്നത് പരിഗണനയിലാണെന്ന് ഹര്‍ജിയില്‍ നേരത്തെ വാദംകേള്‍ക്കുമ്പോള്‍ കോടതി പറഞ്ഞിരുന്നു.
ഡല്‍ഹി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടടെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് കെജ് രിവാള്‍ ജയിലിന് പുറത്തിറങ്ങുന്നത്. ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതി നടപടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ മെയ് 25-നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.
ജാമ്യകാലാവധി ജൂണ്‍ അഞ്ചുവരെ നീട്ടിക്കൂടേയെന്ന് കെജ്‌രിവാളിനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ആരാഞ്ഞെങ്കിലും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജൂണ്‍ രണ്ടിന് കെജ്‌രിവാള്‍ കീഴടങ്ങണമെന്നും കോടതി പറഞ്ഞു. തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ് രിവാള്‍ ഇന്നുതന്നെ മോചിതനായേക്കും.
പുറത്തിറങ്ങിയാല്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകുകയോ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടുകയോ ചെയ്യരുതെന്ന് കോടതി വാദംകേള്‍ക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു. 2022-ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21-നാണ് കെജ് രിവാളിനെ ഇ.ഡി.അറസ്റ്റ് ചെയ്തത്.
Discussion about this post