ആലപ്പുഴ: ജില്ലയിൽ പുതുതായി രണ്ടുപേർക്കുകൂടി എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം എട്ടായി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളോടു ചേർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തിവരികയാണ്. വായുവിലൂടെ പകരുന്ന രോഗമായതിനാൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
തൃശ്ശൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്. വേറെ എവിടെയും കേസുപോലും റിപ്പോർട്ടു ചെയ്തിട്ടില്ല. എച്ച് 1 എൻ 1 പ്രതിരോധത്തിനു നൽകുന്ന ഒസൾറ്റാമിവിർ കാപ്സ്യൂളിനുണ്ടായിരുന്ന ക്ഷാമം പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ശക്തമായ പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ഛർദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
.പ്രതിരോധം ഇങ്ങനെ
• വായുവിലൂടെ പകരുന്നതിനാൽ മുഖാവരണം ധരിക്കുക. പനിബാധിതരിൽനിന്ന് അകലം പാലിക്കുക
പൊതുസ്ഥലത്ത് തുപ്പുന്നതും മൂക്കുചീറ്റുന്നതും ഒഴിവാക്കുക
• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക
• പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിൽവിടരുത്
• പുറത്തുപോയി വന്നാൽ കൈയും മുഖവും നന്നായി കഴുക
• ഗർഭിണികൾ, കുട്ടികൾ, ശ്വാസകോശരോഗമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം
• സ്വയംചികിത്സ പാടില്ല
Discussion about this post