തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാൾ പോലീസ് കസ്റ്റഡിയിൽ. കിരണ്‍ കൃഷ്ണ എന്നയാളാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കരമന കരുമം ഇടഗ്രാമം മരുതൂര്‍ക്കടവ് സ്വദേശി അഖിലിനെ(26)യാണ് കാറിലെത്തിയ സംഘം അതിക്രൂരമായി കൊലപ്പെടുത്തിയത്.
കേസില്‍ ഇതുവരെ നാലുപ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ കിരണ്‍ കൃഷ്ണ ഉള്‍പ്പെടെ മൂന്നുപേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്. വിനീത്, അനീഷ്, അപ്പു എന്നിവരാണ് മറ്റുപ്രതികള്‍. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ കരമന മരുതൂര്‍ കടവിലായിരുന്നു സംഭവം. അഖിലിനെ കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തിയ പ്രതികള്‍ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എപ്രില്‍ 25-ന് പ്രതികളും അഖിലും തമ്മില്‍ ബാറില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അരുംകൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം. അഖില്‍ കൊലക്കേസിലെ പ്രതികളെല്ലാം 2019-ലെ അനന്തു കൊലക്കേസിലും ഉള്‍പ്പെട്ടവരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post