പത്തനംതിട്ട: കൊച്ചുവേളിയില്‍ നിന്നു കൊല്ലം, ചെങ്കോട്ട റൂട്ടിലൂടെ ചെന്നൈയിലേക്കു എസി സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഈ റൂട്ട് ബ്രോഡ്‌ഗേജായശേഷം ആദ്യമായാണു ഈ പാതയിലൂടെ തിരുവനന്തപുരത്തു നിന്നു ട്രെയിന്‍ സര്‍വീസ് നടത്താന്‍ റെയില്‍വേ തയാറാകുന്നത്. മീറ്റര്‍ഗേജ് കാലത്ത് ചെങ്കോട്ട വഴി തിരുവനന്തപുരം ചെന്നൈ സര്‍വീസുണ്ടായിരുന്നു. 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ സര്‍വീസ് പുനഃസ്ഥാപിക്കപ്പെടുന്നത്. കൊച്ചുവേളിചെന്നൈ ടിക്കറ്റ് നിരക്ക് 1335 രൂപയാണ്. റിസര്‍വേഷന്‍ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
താംബരത് നിന്നും സര്‍വീസ് 16 തിയതിയും കൊച്ചുവേളിയില്‍ നിന്നും 17നും ആരംഭിക്കും. ഇരു ദിശയിലും 14 ട്രിപ്പുകളാണ് ഉണ്ടാകുക. ജൂണ്‍ വരെയാണു സ്‌പെഷല്‍ സര്‍വീസ് എങ്കിലും യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കില്‍ സര്‍വീസ് ദീര്‍ഘിപ്പിക്കാനും ആലോചനയുണ്ട്. 14 തേഡ് എസി ഇക്കോണമി കോച്ചുകളാണു ട്രെയിനിലുണ്ടാക്കുക.
താംബരം കൊച്ചുവേളി എസി സ്‌പെഷല്‍ ട്രെയിന്‍ വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.40ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.40നാണ് കൊച്ചുവേളിയിലെത്തുന്നത്. തിരിച്ച് ട്രെയിന്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3.35ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.35ന് താംബരത് എത്തുക .
Discussion about this post