കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടുപേർകൂടി മരിച്ചു. കതൃക്കടവ് മേത്തേക്കാട്ട് ബോബന്റെ മകൻ മിലൻ (20), ഗാന്ധിനഗർ ചെറുവുള്ളിപറമ്പ് ആന്റണിയുടെ മകൻ ആൽവിൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കതൃക്കടവ് പത്തുമുറി വെള്ളേപ്പറമ്പിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ അഭിഷേക് അപകടം നടന്ന അന്ന് തന്നെ മരിച്ചിരുന്നു. ഇതോടെ മരണം മൂന്നായി.
ഏഴംഗ സംഘമാണ് ഞായറാഴ്ച രാവിലെ ബീച്ചിലെത്തിയത്. ഒരാളൊഴികെയുള്ളവർ കുളിക്കാനിറങ്ങി. ഇവിടെ നീന്തൽ പരിശീലനം നടത്തുന്നവരുടെ മുന്നറിയിപ്പ് അവഗണിച്ച് സംഘം വടക്കോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായത്. സംഘം ഐ.ഒ.സി. ഗ്യാസ് പ്ലാന്റിന്റെ പടിഞ്ഞാറെ മതിലിനരികിലൂടെ നീങ്ങി കടലിൽ ഇറങ്ങുകയായിരുന്നു. തിരയിൽപ്പെട്ടാണ് മൂന്നുപേരേയും കാണാതായത്.
നീന്തൽ പരിശീലനം നടത്തിയിരുന്ന വൈപ്പിൻ ബീച്ച് ക്ലബ്ബിലെയും ഡോൾഫിൻ ക്ലബ്ബിലെയും നീന്തൽ വിദഗ്ധരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. മിലനേയും ആൽവിനേയും ആണ് ആദ്യം രക്ഷിച്ച് കരയ്ക്കെത്തിച്ചത്. അഭിഷേകിനെ കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നു.
ആദ്യം കിട്ടിയ രണ്ടുപേരെ ടാക്സിയിലും പിന്നീട് എത്തിയ പോലീസ് വാഹനത്തിൽ അഭിഷേകിനെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . ആശുപത്രിയിൽ എത്തുമ്പോഴേക്കും അഭിഷേക് മരിച്ചിരുന്നു.
Discussion about this post