പാലക്കാട്: വീണ്ടും ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക് മര്‍ദനം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂക്കിന് ഇടിക്കുകയായിരുന്നു. ഷൊര്‍ണൂര്‍ വച്ചായിരുന്നു സംഭവം. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ ടിടിഇയാണ് വിക്രം കുമാര്‍ മീണ. ഇന്നലെ രാത്രിയില്‍ ട്രെയിൻ തിരൂര്‍ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്. സ്ലീപ്പര്‍ കോച്ചില്‍ ജനറല്‍ ടിക്കറ്റുമായി ഇയാള്‍ കയറുകയായിരുന്നു. കോഴിക്കോടു നിന്നും ട്രെയിന്‍ പുറപ്പെട്ടശേഷമാണ് ഇയാളെ ടിടിഇയുടെ ശ്രദ്ധയില്‍പ്പെടുന്നത്. മതിയായ ടിക്കറ്റ് ഇല്ലാത്തതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിക്രം കുമാര്‍ മീണ പറയുന്നു.
തിരൂരിന് അടുത്തു വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. യാത്രക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു ടിടിഇക്കു നേരെ അക്രമം ഉണ്ടായത്. ടിടിഇയുടെ പരാതിയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി കോഴിക്കോട് റെയില്‍വേ പൊലീസ് കേസെടുത്തു.നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ് വിക്രം കുമാര്‍ മീണ.
ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ ഇതേ രീതിയില്‍ ട്രെയിനില്‍ നിന്ന് യാത്രക്കാരൻ തള്ളിയിട്ട് കൊന്ന സംഭവം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇതിന് ശേഷവും സമാനമായ പല സംഭവങ്ങളും ആവര്‍ത്തിച്ചിരുന്നു. ടിടിഇമാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ട്രെയിൻ യാത്രയിലെ പൊതുവിലുള്ള സുരക്ഷിതത്വവുമെല്ലാം ഇതോടെ വീണ്ടും ചര്‍ച്ചയിലാവുകയാണ്.
Discussion about this post