തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒന്ന് നിലവിലെ എം.പി ജോസ് കെ മാണിക്ക് തന്നെ നല്‍കണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യത്തിനിടെ സീറ്റില്‍ അവകാശമുന്നയിച്ച് സി.പി.ഐ യും രംഗത്തെത്തി. തങ്ങളാണ് മുന്നണിയിലെ രണ്ടാമത്തെ കക്ഷി എന്ന നിലയിലാണ് സിപിഐ അവകാശവാദം ഉന്നയിക്കുന്നത്. സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സിപിഐ.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി, സിപിഎം നേതാവ് എളമരം കരീം എന്നിവരുടെ സീറ്റുകളാണ് എല്‍ഡിഎഫില്‍ ഒഴിവു വരുന്നത്. മൂന്നു സീറ്റുകളില്‍ ഒന്ന് പ്രതിപക്ഷത്തിന് ലഭിക്കും. ശേഷിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്നിനു വേണ്ടിയാണ് സിപിഐയും കേരള കോണ്‍ഗ്രസും ചരടുവലി സജീവമാക്കിയത്.
അതേസമയം ഒരു സീറ്റില്‍ അവകാശം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മും തീരുമാനിച്ചിട്ടുണ്ട്.
ജോസ് കെ. മാണിയുടെ കാലാവധി ജൂലായ് ഒന്നിന് കഴിയാറായതിനാല്‍ ഒഴിവ് വരുന്ന സീറ്റിലൊന്ന് തങ്ങള്‍ക്ക് നല്‍കണമെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. ജോസ് കെ മാണിയുടെ പാര്‍ലമെന്റ് അംഗത്വ കാലാവധി ജൂലായ് ഒന്നിന് അവസാനിക്കും. വീണ്ടും സീറ്റ് ലഭിച്ചില്ലെങ്കിൽ പാര്‍ട്ടി ചെയര്മാന് പാര്‍ലമെന്ററി പദവി ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങും. ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റ് ചോദിച്ചെങ്കിലും നിഷേധിച്ച സാഹചര്യത്തില്‍ രാജ്യസഭ സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്.
Discussion about this post