ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണവുമായി എ.എ.പിയുടെ രാജ്യസഭാ എം.പി. സ്വാതി മാലിവാള്‍. ഔദ്യോഗിക വസതിയില്‍ വെച്ച് കെജ്‌രിവാളിന്റെ അടുത്ത അനുയായി തന്നെ ആക്രമിച്ചു എന്നാണ് ആരോപണം. കേജരിവാളിന്റെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണണമെന്നും സ്വാതി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായ സ്വാതി ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമാണ്. കെജ്‌രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന ബൈഭവ് കുമാറിനെതിരേയാണ് ആരോപണം.
കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് (പി.സി.ആര്‍.) രണ്ട് ഫോണ്‍ കോളുകള്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞ് രാവിലെ 9.34-ന് സ്വാതി മലിവാള്‍ പി.സി.ആറിലേക്ക് വിളിച്ചിരുന്നു. അവര്‍ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ വന്നു. എന്നാല്‍ പരാതി നല്‍കാതെ മടങ്ങി. പരാതി പിന്നീട് നല്‍കുമെന്നാണ് അവര്‍ പറഞ്ഞത്, ഡല്‍ഹി നോര്‍ത്ത് ഡി.സി.പി. മനോജ് മീണ പറഞ്ഞു.

