ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11.40 നാകും പത്രികാ സമര്‍പ്പണം. ഗംഗയില്‍ മുങ്ങിക്കുളിച്ച് കാലഭൈരവനോട് പ്രാര്‍ത്ഥിച്ച ശേഷമാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കാനെത്തുക.
നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങ് വന്‍ ആഘോഷമാക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. എന്‍ഡിഎ നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാരാണസിയിൽ മൂന്നാം തവണയാണു മോദി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇത്തവണ മോദിക്ക് ചരിത്ര ഭൂരിപക്ഷം നല്‍കുമെന്നാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. 2014ലും 2019ലും മോദിക്ക് ഗംഭീരവിജയമാണ് വാരാണസി നല്‍കിയത്. 2019 ൽ നൂറിലേറെ സ്ഥാനാർത്ഥികളാണ് മോദിക്കെതിരെ മത്സരിച്ചത്. നാമനിർദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ നരേന്ദ്രമോദിയുടെ റോഡ് ഷോ വാരാണസിയിൽ നടത്തിയിരുന്നു.
Discussion about this post